National
പൂനെ: ശ്വാസനാളത്തിൽ എൽഇഡി ബൾബ് കുടുങ്ങിയ ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിന് രക്ഷകരായി സൈനിക ഡോക്ടർമാർ. പൂനെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ - തൊറാസിക് സയൻസസിൽ നടന്ന അതിസങ്കീർണമായ പ്രക്രിയയിലൂടെ കുരുന്നിന്റെ ജീവൻ രക്ഷപ്പെടുത്തിയത്.
ഇടത് ശ്വാസകോശത്തിലേക്കുള്ള പ്രധാന ശ്വസനനാളിയിലാണ് തുരുമ്പിച്ച വയറുകളോട് കൂടിയ എൽഇഡി ബൾബ് കുടുങ്ങിക്കിടന്നിരുന്നത്. ശസ്ത്രക്രിയകൾ ഒഴിവാക്കി കനത്ത വെല്ലുവിളികൾ നിറഞ്ഞ ബ്രോങ്കോസ്കോപ്പിക് പ്രക്രിയയിലൂടെയാണ് ഡോക്ടർമാർ ബൾബ് പുറത്തെടുത്തത്.
തുരുമ്പിച്ച വയറുകൾ ഉള്ളിലുണ്ടായിരുന്നതിനാൽ നേരിയ പാകപ്പിഴ സംഭവിച്ചാൽ പോലും ആന്തരികാവയവങ്ങൾക്ക് വലിയ പരിക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ സൈനിക ഡോക്ടർമാരുടെ കൃത്യതയാർന്ന ഇടപെടലിലൂടെ ബൾബ് വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.
കുഞ്ഞ് ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്ന് ഇന്ത്യൻ കരസേനയുടെ സതേൺ കമാൻഡ് ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ അറിയിച്ചു. കുട്ടിയുടെ ശ്വസനനാളിയിൽനിന്ന് നീക്കം ചെയ്ത എൽഇഡി ബൾബിന്റെ ചിത്രവും കരസേന പങ്കുവെച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യൻ കരസേനയിലെ ഉദ്യോഗസ്ഥർക്കിടയിൽ രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്നതായി പ്രതിരോധ മന്ത്രാലയം പാർലമെന്റിനെ അറിയിച്ചു. സൈന്യത്തിലെ 'ഡിസബിലിറ്റി പെൻഷൻ' ലഭിക്കുന്നതിലേക്ക് നയിക്കുന്ന പ്രധാന പത്ത് കാരണങ്ങളിൽ ഇവ ഉൾപ്പെടുന്നുവെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹൈപ്പർടെൻഷൻ, ഒടിവുകൾ, ഗർഭധാരണവുമായി ബന്ധപ്പെട്ട ശാരീരികാവസ്ഥകൾ, അമിതവണ്ണം എന്നിവയാണ് ഓഫീസർമാരുടെ ശാരീരികക്ഷമത കുറയാൻ കാരണമാകുന്ന പ്രധാന ഘടകങ്ങൾ. ആകെ വൈകല്യങ്ങളിൽ 71 ശതമാനവും ഇത്തരം പത്ത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണ്.
ഹൈപ്പർടെൻഷൻ - 19.04%, ഒടിവുകൾ - 12.67%, ഗർഭധാരണവുമായി ബന്ധപ്പെട്ടവ - 11.9%, അമിതവണ്ണം - 11.54% എന്നിങ്ങനെയാണ് കണക്കുകൾ. ഏകദേശം 45,000 ഓഫീസർമാരുള്ള കരസേനയിൽ ഈ പ്രവണത ഗൗരവകരമായാണ് കാണുന്നത്.
ജീവിതശൈലീ രോഗങ്ങളുടെ പേരിൽ ഓഫീസർമാർ വിരമിക്കുമ്പോൾ കൂടുതൽ പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് നേരത്തെ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ചോദ്യം ചെയ്തിരുന്നു. വിരമിക്കുന്ന ഓഫീസർമാരിൽ ഏകദേശം 40 ശതമാനത്തോളം പേരും ഡിസബിലിറ്റി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തൽ.
National
ശ്രീനഗർ: ലഡാക്കിലെ സോജി ലാ ചുരത്തിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിൽ ഏഴ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രീനഗർ-ലേ ദേശീയപാതയിൽ വെച്ചാണ് അപകടമുണ്ടായത്. മഞ്ഞുവീഴ്ചയെത്തുടർന്ന് പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി സൈന്യത്തിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ പ്രദേശത്ത് നിലനിൽക്കുന്ന മോശം കാലാവസ്ഥയും കനത്ത മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് കാരണമായത്. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനങ്ങൾക്ക് മുകളിലേക്കാണ് മഞ്ഞുപാളികൾ ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കുന്നതിനായി 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികൾക്ക് പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ അംഗീകാരം നൽകി. അതിർത്തികളിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആധുനികീകരിക്കുന്നതിനാണ് ഈ പദ്ധതിയിൽ പ്രധാനമായും ഊന്നൽ നൽകുന്നത്.
'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങൾക്കും സാങ്കേതികവിദ്യകൾക്കും മുൻഗണന നൽകിക്കൊണ്ടാണ് ഈ വൻതുകയുടെ പ്രൊപ്പോസലുകൾക്ക് അനുമതി നൽകിയിരിക്കുന്നത്.
ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ മേഖലയിലെ ഈ നിക്ഷേപം അതീവ പ്രാധാന്യമുള്ളതാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയും സാമ്പത്തിക വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും, തന്ത്രപ്രധാനമായ മേഖലകളിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി തന്നെയാണ് വ്യവസായ മേഖലയെ സഹായിക്കാൻ വാണിജ്യ എൽപിജി വിതരണം 70 ശതമാനമായി ഉയർത്താനും ഇന്ധനവില വർധവിന്റെ ഭാരം സർക്കാർ ഏറ്റെടുക്കാനും തീരുമാനിച്ചത്.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉറി സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ബുച്ചാറിൽ സൈന്യവും പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് ഭീകരൻ കൊല്ലപ്പെട്ടത്.
നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കാഷ്മീർ പോലീസിന് ലഭിച്ച രഹസ്യാന്വേഷണ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാർച്ച് വെള്ളി, ശനി ദിവസങ്ങളിൽ സൈന്യവും പോലീസും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു.
തുടർന്ന് ഭീകരൻ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരുടെ അട്ടിമറി ശ്രമം തകർത്ത് സുരക്ഷാസേന. ജമ്മുവിലെ പൂഞ്ചിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ചുവച്ച നിലയിലുള്ള സ്ഫോടക വസ്തു കണ്ടെത്തി.
റോഡരികിൽ നിന്നാണ് നാല് കിലോയോളം സ്ഫോടക വസ്തു അടങ്ങിയ ഭക്ഷണപാത്രം കണ്ടെത്തിയത്. ഇത് നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പൂഞ്ചിലെ ഒരു പാറയിടുക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ.
സ്ഫോടക വസ്തു കണ്ടെത്തിയ സ്ഥലത്ത് പാചകം ചെയ്ത ഭക്ഷണവും സൈന്യം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് സൈന്യവും പോലീസും ശക്തമായ തെരച്ചിൽ തുടരുന്നുണ്ട്. ഭീകരവാദികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പരിശോധന ശക്തമാക്കുമെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. രജൗരി സെക്ടറിലെ ജാംഗർ-നൗഷേര മേഖലയിലാണ് നിയന്ത്രണരേഖ വഴി പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഇതേ തുടർന്നുണ്ടായ സൈന്യത്തിന്റെ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇതേ തുടർന്നായിരുന്നു സൈന്യം വെടിയുതിർത്തത്.
നേരത്തെ കാഷ്മീരിലേക്ക് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഭീകരനായി മേഖലയിൽ തെരച്ചിൽ തുടരുന്നു.
CAREER DEEPIKA
കരസേനയിൽ 2026 ഒക്ടോബറിൽ ആരംഭിക്കു ന്ന 124-ാമത് എൻസിസി സ്പെഷൽ എൻട്രി (നോൺ ടെക്നിക്കൽ) സ്കീം പ്രവേശനത്തിനു മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷന്മാർക്ക് 70 ഒഴിവും സ്ത്രീകൾക്ക് 6 ഒഴിവുമാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക്സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാണു നിയമനം.
യോഗ്യത: 50% മാർക്കോടെ ബിരുദം/തത്തുല്യം, എൻസിസി സീനിയർ ഡിവിഷൻ/വിംഗിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം, എൻസിസി -സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ ബി ഗ്രേഡ് (യുദ്ധത്തിൽ പരിക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു "സി’’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല).
ആദ്യവർഷങ്ങളിൽ 50% മാർക്ക് നേടിയ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ 2026 ഒക്ടോബർ ഒന്നിനു മുന്പു ബിരുദം നേടിയതിന്റെ തെളിവു ഹാജരാക്കണം.
പ്രായം: 2026 ജൂലൈ ഒന്നിനു 19-25. ശാരീരികയോഗ്യത: കരസേനാ വെബ്സൈറ്റിൽ നൽകിയ നിർദിഷ്ട മാനദണ്ഡങ്ങളനുസരിച്ചുള്ള ശാരീരികക്ഷമത ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
ഓൺലൈൻ രജിസ്ട്രേഷന്: www.joinindianarmy.nic.in
National
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്.
അഞ്ച് മിനുട്ടോളം അതിർത്തി പ്രദേശത്ത് ഡ്രോൺ ഉണ്ടായിരുന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ അറിയിച്ചു. ഇതേ തുടർന്ന് സുരക്ഷാസേന അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്കെത്തുന്നത്. സുരക്ഷ സേന വെടിയുതിർക്കുന്നതോടെ പാക് ഡ്രോണുകൾ പിന്തിരിയുന്നതാണ് പതിവ്. ഇത്തരം പാക് നീക്കങ്ങൾക്ക് സൈന്യം കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനറൽ ഉപേന്ദ്ര ദ്വിവേദി വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അറിയിച്ചിരുന്നു. നിലവിൽ കാഷ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
CAREER DEEPIKA
കരസേനയുടെ 67-ാമത് ഷോർട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സ് പ്രവേശനത്തിന് ഫെബ്രുവരി 5 വരെ ഓൺലൈനായി അപേക്ഷിക്കാം. 2026 ഒക്ടോബറിൽ തുടങ്ങുന്ന കോഴ്സിൽ പുരുഷന്മാർക്കു 350 ഒഴിവും സ്ത്രീകൾക്കു 29 ഒഴിവുമുണ്ട്.
അപേക്ഷകർ അവിവാഹിതരായിരിക്കണം.
ഒഴിവും എൻജിനിയറിംഗ് വിഭാഗവും:
ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) മെൻ കോഴ്സസ്: മെക്കാനിക്കൽ (101 ഒഴിവ്), സിവിൽ (75), ഇലക്ട്രോണിക്സ് (64), കംപ്യൂട്ടർ സയൻസ് (60), ഇലക്ട്രിക്കൽ (33), മിസലേനിയസ് എൻജിനിയറിംഗ് സ്ട്രീംസ് (17).
ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) വിമൻ കോഴ്സസ്: മെക്കാനിക്കൽ (9 ഒഴിവ്), സിവിൽ (7), ഇലക്ട്രോണിക്സ് (6), കംപ്യൂട്ടർ സയൻസ് (4), ഇലക്ട്രിക്കൽ (3).
യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം. നിബന്ധനകൾക്കു വിധേയമായി അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. എൻജിനിയറിംഗ് വിഭാഗങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾക്കു വെബ്സൈറ്റ് പരിശോധിക്കുക.
ശാരീരികയോഗ്യത: കരസേനാ വെബ് സൈറ്റിൽ നൽകിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. പ്രായം: 2026 ഒക്ടോബർ ഒന്നിന് 20-27.
പരിശീലനം: ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 49 ആഴ്ച പരിശീലനം. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. ലഫ്റ്റന്റ് റാങ്കിലായിരിക്കും നിയമനം. പരിശീലനകാലത്തു 56,100 രൂപ സ്റ്റൈപ്പൻഡ് (പ്രതിമാസം) ലഭിക്കും.
തെരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ ഗ്രൂപ് ടെസ്റ്റ്, സൈക്കോളജിക്കൽ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ നടത്തും.
ഷോർട് സർവീസ് കമ്മീഷൻ (ടെക്) കോഴ്സിലും ഷോർട്ട് സർവീസ് കമ്മീഷൻ (നോൺ ടെക്) നോൺ യുപിഎസ്സി കോഴകളിലായി പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകൾക്കും അവസരമുണ്ട്. ഇരുവിഭാഗങ്ങളിലും ഓരോ ഒഴിവാണുള്ളത്.
ടെക് എൻട്രിയിൽ ഏതെങ്കിലും എൻജിനിയറിംഗ് വിഭാഗത്തിൽ ബിഇ/ബിടെക്കും നോൺ ടെക് എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇതു സംബന്ധിച്ച വിവരങ്ങൾക്കു വിജ്ഞാപനം കാണുക.
www.joinindianarmy.nic.in
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്റെ ഡ്രോൺ നീക്കങ്ങൾ വീണ്ടും സജീവമാകുന്നു. രാജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിന് നേരെ സൈന്യം വെടിയുതിർത്തു.
ഞായറാഴ്ച മാത്രം അഞ്ചോളം ഡ്രോൺ നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഞായറാഴ്ച വൈകുന്നേരം 6.35ഓടെ നൗഷേര സെക്ടറിലെ ഗനിയ-കൽസിയാൻ ഗ്രാമത്തിന് മുകളിലാണ് ആദ്യ ഡ്രോൺ പ്രത്യക്ഷപ്പെട്ടത്.
തുടർന്ന് സൈന്യം ഡ്രോണിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ ഡ്രോൺ പാക് അതിർത്തിയിലേക്ക് തന്നെ തിരിച്ചുപോയി. രാജൗരിയിലെ തന്നെ ഖബ്ബർ ഗ്രാമത്തിലും, സാംബയിലെ രാംഗഡ് സെക്ടറിലും, പൂഞ്ചിലെ മങ്കോട്ട് സെക്ടറിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം സാംബ സെക്ടറിൽ പാക് ഡ്രോൺ വർഷിച്ച ആയുധശേഖരം സുരക്ഷാ സേന കണ്ടെടുത്തിരുന്നു. രണ്ട് പിസ്റ്റളുകൾ, മൂന്ന് മാഗസിനുകൾ, ഒരു ഗ്രനേഡ് എന്നിവയാണ് സൈന്യം കണ്ടെടുത്തത്.
International
ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകൾ കൊണ്ടുവന്ന ചരക്കു വിമാനത്തിനു തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. ഇന്ത്യൻ കരസേനയ്ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിന് പറന്നുയർന്ന ചരക്ക് വിമാനം ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്ലാൻഡ്സ് വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന് വിമാനത്തിനു ഇന്ത്യയിലേക്ക് തുർക്കി വ്യോമപാത നിഷേധിച്ചുവെന്നാണു സൈനിക ഉദ്യോഗസ്ഥർ പറഞ്ഞത്.
എട്ടു ദിവസം വിമാനത്താവളത്തിൽ അനുമതി കാത്തുകിടന്ന വിമാനം തുടർന്ന് എട്ടിന് യുഎസിലേക്കു മടങ്ങി. ആറ് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ നൽകാമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ ബോയിംഗ് ജൂലൈയിൽ ഇന്ത്യൻ കരസേനയ്ക്കു മൂന്ന് ഹെലികോപ്റ്ററുകൾ കൈമാറിയിരുന്നു. അന്ന് വ്യോമപാത ഉപയോഗിക്കാൻ തുർക്കി അനുമതി നൽകിയിരുന്നു.
മുൻനിശ്ചയ പ്രകാരം ബോയിംഗ് കമ്പനി ഈ മാസം കരസേനയ്ക്കു മൂന്നു ഹെലികോപ്റ്ററുകൾ കൈമാറേണ്ടതാണ്. പുതിയ സംഭവത്തോടെ ഇതു വൈകുമെന്നാണു സൂചന. മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. ബോയിംഗിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ 22 എണ്ണം വ്യോമസേനയും മൂന്ന് എണ്ണം കരസേനയും ഉപയോഗിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ജമ്മുകശ്മീരിനെ ലക്ഷ്യമിട്ട് ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും സംഘടിത ആക്രമണങ്ങൾക്ക് കോപ്പുകൂട്ടുന്നെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന് ആറുമാസങ്ങൾക്കു ശേഷമാണ് ഭീകരസംഘടനകൾ ഇന്ത്യയെ സംഘടിതമായി ആക്രമിക്കാൻ തയാറെടുക്കുന്നതായി ഇന്റലിജൻസ് വൃത്തങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമങ്ങൽ റിപ്പോർട്ടു ചെയ്യുന്നത്.
സെപ്റ്റംബർ മുതൽ ജമ്മുകശ്മീരിൽ ഭീകരസംഘടനകൾ നുഴഞ്ഞുകയറ്റവും നിരീക്ഷണവും അതിർത്തി കടന്നുള്ള സാധന സാമഗ്രികളുടെയും സഹായങ്ങളുടെയും കൈമാറ്റവും വർധിപ്പിച്ചെന്നുമാണ് റിപ്പോർട്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെയും സ്പെഷൽ സർവീസസ് ഗ്രൂപ്പിന്റെയും (എസ്എസ്ജി) സഹായത്തോടെ ലഷ്കറെ, ജെയ്ഷെ ഭീകരർ കശ്മീരിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഒക്ടോബറിൽ പാക്ക് അധീന കശ്മീരിൽ നടന്ന യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൽ മുജാഹിദ്ദീൻ, ഐഎസ്ഐ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. യോഗത്തിൽനിന്ന് ചോർത്തിയ വിവരങ്ങൾ അനുസരിച്ച് നിഷ്ക്രിയമായിരിക്കുന്ന ഭീകരസംഘങ്ങളെ പുനരുജ്ജീവിപ്പിക്കാനും മുൻ ഭീകരർക്ക് പ്രതിമാസം സ്റ്റൈപ്പൻഡ് നൽകാനും ഓപ്പറേഷൻ സിന്ദൂറിന് തിരിച്ചടി നൽകാനുമുള്ള പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യൻ സൈന്യത്തിനും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ ആക്രമണങ്ങൾ വർധിപ്പിക്കാൻ ഐഎസ്ഐ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ താഴ്വരയിലെ അനുഭാവികളെയും സഹായികളെയും കണ്ടെത്താൻ ലഷ്കറെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.